മാക്കാച്ചി സംഗീത സാര്‍വ്വ ഭൗമന്‍ കേട്ടിതന്നു ഞാന്‍ പൊട്ടക്കുളത്തിനുള്ളില് മദ്ദളം കൊട്ടുന്ന പാട്ടുകച്ചേരിപോല് ചേലൊത്തു പാടുന്ന സംഘഗാനം
ഏതോ നിലാവിലൊളിച്ചിരിക്കും ഗുപ്ത ലോക രഹസ്യങ്ങളേറ്റു പാടാന്‍ ഏതോ ശരത്കാല സന്ധ്യ തെളിക്കുന്ന കാല്പനിക പ്രഭ വിന്യസിക്കാന്‍.
അന്നു തവളകളൊത്തു ചേര്ന്നിട്ടൊരു സംഗീത സദ്യയൊരുക്കി പാരില്‍ ആരുമേ ഗൗനിച്ചതില്ല തവളയെ ആയിരം നാവുള്ള ഗായകരെ
ഇന്നു തവളകള്‍ ചൊല്ലുന്നു ഞങ്ങളോ പൊട്ടക്കുളത്തിലൊരുക്കി ലോകം കേമരാം നിങ്ങളൊരുക്കി വച്ചീടുന്നു മന്നിതില്‍ സ്വാര്‍ത്ഥമാം പൊട്ടക്കുളം.
രാവിന്റെ പാട്ടുകാരല്ല ഞങ്ങള്‍ വരും നാളിന്നുണര്ത്തു പാട്ടോതിടുന്നോര് ഞങ്ങളില്ലെങ്കിലീ രാവിന്റെ ശൂന്യത നിങ്ങളെ വിഹ്വലരാക്കുകില്ലേ
പാടുന്നതാരെന്നു നോക്കി വേണോ നിങ്ങള്‍ പാട്ടിന്റെ മൂല്യമുരച്ചു നോക്കാന്‍ ഞങ്ങളൊരുക്കുന്ന സംഗീത ധാരയില്‍ നാളെയുദിക്കുന്ന നാദമില്ലേ.